വത്തിക്കാൻ സിറ്റി: പോളണ്ടിലെ ഓഷ്വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്പത് സലേഷ്യൻ വൈദികരെയും 1950കളിൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപതവൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.
പോളണ്ട് സ്വദേശികളായ ഫാ. ജാൻ സ്വിയർക്ക്, ഫാ. ഇഗ്നാസി അന്റോണോവിച്ച്സ്, ഫാ. ഇഗ്നാസി ഡോബിയാസ്, ഫാ. കരോൾ ഗോൾഡ, ഫാ. ഫ്രാൻസിസെക് ഹരാസിം, ഫാ. ലുഡ്വിക് മ്രോസെക്, ഫാ. വ്ലോഡ്സിമിയേഴ്സ് സെംബെക്, ഫാ. കാസിമിയേഴ്സ് വോജിച്ചോവ്സ്കി, ഫാ. ഫ്രാൻസിസെക് മിസ്ക എന്നിവരെയും ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാസഭയ്ക്കെതിരേ നടത്തിയ പീഡനത്തിനിടെ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ദ്ർബോള എന്നിവരെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.
നാലുപേരെ ധന്യരായി ഉയർത്തുന്നതിനും മാർപാപ്പ അനുമതി നൽകി.1941നും 1942നുമിടയിൽ ഓഷ്വിറ്റ്സിലെയും ദാഹാവിലെയും നാസി തടങ്കൽപ്പാളയങ്ങളിൽ കൊല്ലപ്പെട്ടവരാണ് പോളണ്ടിൽനിന്നുള്ള വൈദികർ. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഈ വൈദികർ സഹതടവുകാർക്ക് ആത്മീയാശ്വാസം നൽകുകയും തങ്ങൾക്കെതിരേ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് തുടരുകയും ചെയ്തു.
ചെക്കോസ്ലോവാക്യയിലെ ബ്രണോ രൂപതാംഗങ്ങളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ദ്ർബോളയും കൊല്ലപ്പെട്ടത് വിശ്വാസത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷം മൂലമാണ്.
1948ൽ ചെക്കോസ്ലോവാക്യയിൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ രണ്ടു വൈദികരെയും അപകടകാരികളായി കണക്കാക്കുകയും സഭയ്ക്കെതിരേ പരസ്യമായ പീഡനം ആരംഭിക്കുകയും ചെയ്തു. ഫാ. ദ്ർബോളയെ 1951 ഓഗസ്റ്റ് മൂന്നിനും ഫാ. ജാൻ ബുലയെ 1952 മേയ് 20നും തൂക്കിലേറ്റി.