വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളിസന്ധ്യ വേല ഇന്ന് ആരംഭിക്കും. വിശേഷാൽ ചടങ്ങുകൾക്കു ശേഷം രാവിലെ എട്ടിന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ ഭഗവാന്റെ തിടമ്പേറ്റും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും . വൈകുന്നേരം എട്ടിന് വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. 29, 31, രണ്ട് തീയതികളിലും പുള്ളിസന്ധ്യവേല നടക്കും.
മുഖസന്ധ്യവേലയുടെ കോപ്പുതുക്കൽ നവംബർ മൂന്നിനും മുഖസന്ധ്യവേല നവംബർ നാലു മുതൽ ഏഴുവരെ തുടർച്ചയായി നാലു ദിവസങ്ങളിലും നടക്കും. സമൂഹസന്ധ്യ വേല 26 മുതൽ 30 വരെ നടക്കും. 30ന് കൊടിയേറ്ററിയിപ്പ്. വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ, കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടത്തും.
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസംബർ ഒന്നിന് രാവിലെ 6.30നും 7.30 നും മധ്യേയാണ്. ഡിസംബർ 12 നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.13ന് ആറാട്ടും 14ന് മുക്കുടി നിവേദ്യവും നടക്കും. ഉദയനാപുരം സുബ്രമ്മണ്യക്ഷേത്രത്തിൽ നവംബർ 26നാണ് കൊടിയേറ്റ്. ഡിസംബർ നാലിന് തൃക്കാർത്തിക. അഞ്ചിന് ആറാട്ടോടെ ഉത്സവം സമാപിക്കും.