Kerala
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യവസായി എം.എ.യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി അന്തിമോപചാരം അർപ്പിച്ചത്.
നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി പറഞ്ഞു.
അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.