തൊടുപുഴ: മഴ ചെറുതായി പെയ്താൽപോലും തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ചെളിക്കുണ്ടാകും. മഴക്കാലത്ത് ചെളിയിൽ ചവിട്ടാതെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂളിലെത്താനാവില്ല. തൊടുപുഴയിൽ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്ന സ്കൂളിനാണ് ഈ ദുർഗതി.
കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശന നടപടികൾ ഇപ്പോൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി സ്കൂളിൽ എത്തുന്നവർക്കും ഗ്രൗണ്ടിലെ ചെളി ദുരിതമാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം റവന്യു ജില്ലാ ശാസ്ത്രമേളയും സ്കൂളിലാണ് നടന്നത്. ആ സമയവും സ്കൂൾ ഗ്രൗണ്ട് ചെളിക്കുണ്ടായിരുന്നതിനാൽ പങ്കെടുക്കാനെത്തിയവർ വലിയ ബുദ്ധിമുട്ടാണനുഭവിച്ചത്.
കാലങ്ങളായി സ്കൂൾ ഗ്രൗണ്ടിന്റെ അവസ്ഥ ഇതു തന്നെയാണ്. മഴ മാറി വെയിൽ വന്നാൽ മാത്രമേ കുട്ടികൾക്ക് ഇവിടെ കായികപരിശീലനവും മറ്റും നടത്താനാവൂ. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നതു മൂലം പല ഭാഗത്തും കുഴി രൂപപ്പെടും. സ്കൂളിലേക്കു വരുന്ന വാഹനങ്ങൾ ചെളിയിലൂടെ പോകുന്നതോടെ സ്ഥിതി കൂടുതൽ മോശമാകും. അതിനാൽ ഗ്രൗണ്ട് കളിക്കളമാകണമെങ്കിൽ നിരപ്പാക്കിയെടുക്കാൻ തന്നെ ഏറെ പണിപ്പെടേണ്ടി വരും.
നഗരമധ്യത്തിൽതന്നെ സ്ഥിതി ചെയ്യുന്ന സ്കൂൾ ഗ്രൗണ്ടിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതരും ശ്രദ്ധിക്കുന്നില്ല. സ്കൂളിന്റെ പഴയ കെട്ടിടവും അറ്റകുറ്റപ്പണി നടത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.