പ്രയാഗ്രാജ്: മതംമാറ്റം ഔദ്യോഗിക രേഖയാക്കാത്ത ക്രിപ്റ്റോ ക്രൈസ്തവരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിശ്വഹിന്ദു പരിഷ(വിഎച്ച്പി). മതം മാറിയതിനുശേഷം സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇവർ അവരുടെ ഔദ്യോഗിക രേഖകൾ മാറ്റുന്നില്ല.
ഇത്തരക്കാരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മതം മാറിയവരുടെ പേരുകൾ മാറ്റാതിരിക്കുക എന്ന തന്ത്രമാണു സഭ സ്വീകരിച്ചിരിക്കുന്നത്.
മതം മാറിയവർ രഹസ്യക്രൈസ്തവരായി തുടരും. ഇവർ രേഖകളിലില്ലാത്തതിനാൽ ക്രൈസ്തവരുടെ ജനസംഖ്യാ കണക്കുകൾ മാറ്റമില്ലാതെ തുടരുകയാണെന്നു സഭയ്ക്ക് അവകാശപ്പെടാൻ കഴിയും.
ക്രിപ്റ്റോ ക്രൈസ്തവർ വിശ്വാസത്തിലും ആരാധനയിലും ക്രൈസ്തവരാണ്. എന്നാൽ, ഔദ്യോഗിക രേഖകളിൽ ഹിന്ദുക്കളായി തുടരുന്നു. സർക്കാരിനോ സമൂഹത്തിനോ അവരുടെ മതപരിവർത്തനത്തെക്കുറിച്ച് അറിയില്ല. അവരുടെ യഥാർഥ മതപരമായ ബന്ധം സഭയ്ക്കു മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. സംവരണ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനാണ് ഇത്തരം ആളുകൾ അവരുടെ പേരുകളോ ഔദ്യോഗിക രേഖകളോ മാറ്റാത്തതെന്നും മിലിന്ദ് പരന്ദെ ആരോപിച്ചു.
വോട്ടർപട്ടിക പരിശോധിക്കുമ്പോൾ, ചില ഗ്രാമങ്ങളിൽ ക്രൈ സ്തവരൊന്നുമില്ല. എന്നിട്ടും അവിടെ ഒന്നിലധികം പള്ളികളുണ്ട്. ക്രൈസ്തവരൊന്നും താമസിക്കുന്നില്ലെങ്കിൽ, ഈ പള്ളികൾ ആർക്കുവേണ്ടിയാണ് നിർമിച്ചത്? മതപരിവർത്തനത്തിനം നടന്നതായി അവ വ്യക്തമായി സൂചിപ്പിക്കുന്നതായും വിഎച്ച്പി നേതാവ് പറഞ്ഞു.