കുളത്തൂപ്പുഴ: പഞ്ചായത്തില്‍ നടപ്പിലാക്കിയ തൂവെളിച്ചം പദ്ധതിക്ക് പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് സംഘം കുളത്തൂപ്പുഴ പഞ്ചായത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നട ത്തിയത്.
പഞ്ചായത്തിലുടനീളം തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പ മുതല്‍ തെന്മല ഡാം കവല വരെയും അഞ്ചല്‍ പാതയില്‍ കുളത്തൂപ്പുഴ ടൗണ്‍ മുതല്‍ ഭാരതീപുരം വരെയും തെരുവു വിളക്കുകള്‍ സ്ഥാപിച്ചു.
രണ്ടാം ഘട്ടമായി ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പാതകളിലെല്ലാം വിളക്കുകള്‍ സ്ഥാപിക്കുകയും കേടുവരുന്നവ രണ്ടു ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന ഉറപ്പും നല്‍കിയാണ് തൂവെളിച്ചം പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പലയിടത്തും തെരുവു വിളക്കുകള്‍ കേടാവുകയും സമയ ബന്ധിതമായി മാറ്റി സ്ഥാപിക്കാതെ വന്നതോടെയാണ് ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും പരാതികളുയരുകയും ചെയ്തത്. ഇതു സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് ഇന്റേണല്‍ വിജിലന്‍സ് വിഭാഗവും പരിശോധന നടത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് മേധാവി പ്രീജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പോലീസുമടങ്ങിയ സംഘമാണ് പരിശോധനയ്ക്കെത്തിയത്. കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.