ഏറ്റുമാനൂർ: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശങ്ങൾ നൽകി. കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂര് എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകുന്നേരവും തുറന്നു പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതൽ സര്‍വീസുകള്‍ നടത്തണം.
ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു. ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.
എക്സൈസിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും. 24 മണിക്കൂറും ആംബുലൻസ് സേവനം ഉറപ്പുവരുത്തും.
കെഎസ്ആർടിസി കോട്ടയത്തുനിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ലാബും പ്രവർത്തിക്കും.
പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവു വിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.
ഏറ്റുമാനൂര്‍ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, നഗരസഭാധ്യക്ഷ ലൗലി ജോർജ്, എഡിഎം എസ്. ശ്രീജിത്ത്, ആർഡിഒ ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എം. ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.