തൃശൂർ: വയലാർ രാമവർമ കാലാതീതമായ ഇതിഹാസമെന്നു മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. വയലാർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച വയലാർ ഗോൾഡൻ ജൂബിലി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ കവിതകളും ഗാനങ്ങളും എത്ര യുഗങ്ങൾ കഴിഞ്ഞാലും മനുഷ്യമനസുകളിൽ ഒളിമങ്ങാതെ നിലനിൽക്കും. മരണം പലപ്പോഴും വ്യക്തികളെ വിസ്മൃതിയിലാക്കുമെങ്കിലും വയലാർ തന്റെ കൃതികളിലൂടെ എന്നും ജീവിക്കുമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ ഉണ്ണി വിയ്യൂർ അധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. സിനിമ, സീരിയൽ താരങ്ങളായ ലിഷോയ്, നന്ദകിഷോർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കർമശ്രേഷ്ഠ അവാർഡ് അഡ്വ. റോബ്സൺ പോൾ, ബിസിനസ് എക്സലൻസി അവാർഡ് രാഹുൽ കൃഷ്ണ, മികച്ച ഗായികാപുരസ്കാരം ആര്യ സുഭാഷ്, കായികപുരസ്കാരം ശ്രീഹരി ജയേഷ് എന്നിവർക്കു സമ്മാനിച്ചു. വയലാർ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽസന്ധ്യയുമുണ്ടായി.