സ്റ്റീവനേജ്: ലണ്ടനിലെ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജ് ഓണാഘോഷം "പൊന്നോണം 2025' ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓണപ്പൂക്കളത്തിനു വലംവച്ച് സർഗതാളത്തിന്റെ വാദ്യമേളത്തോടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയും മഹാബലിയെ വേദിയിലേക്ക് ആനയിച്ചു.
പ്രസിഡന്റ് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും സ്വാഗതം പറയുകയും തിരുവോണാശംസകൾ നേരുകയും ചെയ്തു. മാവേലിയോടൊപ്പം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ് റപ്പായി, വൈസ് പ്രസിഡന്റ് ടെസി ജെയിംസ്, ജോയിന്റ് സെക്രട്ടറി ആതിര മോഹൻ, കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗീസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
വെൽക്കം ഡാൻസോടെ പരിപാടികൾ ആരംഭിച്ചു. "സർഗതാളം ചെണ്ട' ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ ശിങ്കാരി മേളം നടത്തി. തുടർന്ന് സമ്മാനദാനം നിർവഹിച്ചു. യുക്മയുടെ അംഗ അസോസിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയ റീജണിൽ നിന്നും പ്രഥമ വർഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ ചേർന്ന് സർഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിന് സമ്മാനിച്ചു.