ഇരിട്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആറളം പഞ്ചായത്തിൽ വ്യാപക ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടത്തിയതായി ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് പഞ്ചായത്ത് ഗേറ്റിനു മുന്നിൽ പോലീസ് തടഞ്ഞതോടെ അല്പസമയം പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു.
ഇടവേലി വാർഡിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ 96 യുഡിഎഫ് വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായും ഇതേ വാർഡിന്റെ അതിർത്തിക്ക് പുറത്തുള്ള മറ്റ് വാർഡുകളിൽ നിന്നുമായി 43 എൽഡിഎഫ് വോട്ടർമാരെ അനധികൃതമായി കൂട്ടിച്ചേർത്തതായും യുഡിഎഫ് ആരോപിച്ചു.
അമ്പലക്കണ്ടി വാർഡിലെ 52 വോട്ടർമാരെ പട്ടികയിൽനിന്നും മാറ്റി വെളിയിൽനിന്നുള്ള 10 വോട്ടർമാരെ കൂട്ടിച്ചേർത്തതായും പരാതിയുണ്ട്. ആകെ 988 വോട്ടർമാരുള്ള വിയറ്റനാം വാർഡിന്റെ പരിധിക്കുള്ളിൽ നിന്നും 159 യുഡിഎഫ് വോട്ടർമാരെ 1780 വോട്ടർമാരുള്ള ചതിരൂർ വാർഡിലേക്ക് മാറ്റി. എടൂർ ഒന്നാം വാർഡിൽ നിന്നും സിഎംസി കോൺവെൻറിലെ 22 സിസ്റ്റേഴ്സിന്റെ വോട്ടുകൾ അന്യായമായി നീക്കം ചെയ്തതായും യുഡിഎഫ് പറയുന്നു.
പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും ചേർന്നു നടത്തുന്ന ക്രമക്കേട് തിരുത്തിയില്ലെങ്കിൽ സെക്രട്ടറിക്ക് എതിരേ നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി . മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. വേലായുധൻ, വി.ടി. തോമസ്, ജെയ്സൺ കാരക്കാട്, മാമു ഹാജി, കെ.വി. ബഷീർ, സാജു യോമസ്, ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, രജിത മാവില, ലില്ലി മുരിയംകരി തുടങ്ങിയവർ പ്രസംഗിച്ചു.