കൊച്ചി: പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 25,000 രൂപ പിഴയും 33 വർഷം കഠിന തടവും ശിക്ഷ വിധിച്ചു. വരാപ്പുഴ ചിറക്കകം കടത്തു കടവ് വീട്ടിൽ സുനിയുടെ മകൻ ശ്രീജിത്തി(24)നെ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി പ്രത്യേക ഉത്തരവിട്ടു.
പിഴ അടയ്ക്കാതിരുന്നാൽ എട്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം. 16 വയസുകാരിയായ അതിജീവിതയെ ഇൻസ്റ്റഗ്രാം വഴി പ്രതി പരിചയപ്പെട്ട് പ്രണയത്തിൽ ആവുകയും, വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി. മുനമ്പം മുൻ ഡിവൈഎസ്പി എ. എൽ. യേശുദാസ് ആണ് അന്വേഷണം നടത്തിയത്.