മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമാണെന്നും അതിനാലാണ് മകൾക്ക് വിസ്മയ എന്നു പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
താനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നുവെന്നും 48 വർഷങ്ങളായി നടനാക്കി തന്നെ നിലനിർത്തിയത് ചുറ്റുമുള്ളവരെല്ലാം ചേർന്നാണെന്നും മോഹൻലാൽ പറഞ്ഞു.
'എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. "എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്.
പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇല്ല. നമ്മൾ അഭിനയിക്കാൻ വന്നു അഭിനയിച്ചു പോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയ കാര്യമൊക്കെ ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ ഒരിക്കൽപോലും വിചാരിച്ചില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള സ്വകാര്യത ഉണ്ട്, അവരുടേതായിട്ടുള്ള ലക്ഷ്യങ്ങളുണ്ട്.
അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാൻ. വളരെ കാലത്തിനുശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ അപ്പുവിന് തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച നടൻ ആകുന്നത്. അതുപോലെതന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അപ്പു മികച്ച നടൻ ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ഞാൻ മികച്ച നടനായി, അതുപോലെതന്നെ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്പുവും മികച്ച നടനായി.
മായയും സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ഞാനൊരു സിനിമയിൽ അഭിനയിക്കണമെന്നോ ഒരു നടനാകണമെന്നോ ഒന്നും ആഗ്രഹിച്ച ഒരാൾ അല്ല. അതൊക്കെ കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു.
ഇവിടെ ഇരിക്കുന്ന നിങ്ങളൊക്കെ തന്നെയാണ് എന്നെ ഒരു സിനിമ നടൻ ആക്കിയതും ഇത്രയും കാലം എന്റെ ഒപ്പം നിന്നതും. അതുപോലെ കുട്ടികൾക്കും എന്തെങ്കിലുമൊക്കെ ഒരു നിയോഗം ഉണ്ടാകും. ഇതൊക്കെ കാലത്തിന്റെ നിയോഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഞാനെന്റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടത്, വിസ്മയ മോഹൻലാൽ. എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഒരു വിസ്മയം പോലെ കരുതാനാണ് എനിക്ക് ഇഷ്ടം. ഒരുപാട് കാര്യങ്ങൾ പഠിച്ചതിനുശേഷം പെട്ടെന്നൊരു ദിവസം മായയ്ക്കും ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞു.
അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞാൽ നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞങ്ങൾക്ക് അതിന്റെ സൗകര്യങ്ങൾ ഉണ്ട്, ഞങ്ങൾക്ക് പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, വളരെ വർഷങ്ങളായി അത് നടത്തിക്കൊണ്ടുവരുന്ന ഒരു കമ്പനി ഉണ്ട്. ആന്റണി പെരുമ്പാവൂർ ഉണ്ട്, അങ്ങനെ ഒരു വലിയ പിന്തുണ ഞങ്ങൾക്കുണ്ട്.
അങ്ങനെ നോക്കിയിരുന്നപ്പോൾ ഒരു കഥ കിട്ടി, അതിൽ കുട്ടി അഭിനയിക്കാൻ പോവുകയാണ്. ആ സിനിമയുടെ പേര് തന്നെ 'തുടക്കം' എന്നാണ്. സിനിമയിൽ അഭിനയിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവർക്കും അറിയാം. അതൊരു ഭാഗ്യമാണ്, ഭാഗ്യം എന്ന വാക്കിലുപരി നമ്മളെ പിന്തുണയ്ക്കാൻ നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേർ ഉണ്ടാകണം.
എനിക്ക് ഒരുപാട് പേരുണ്ടായിരുന്നു, എന്റെ സഹപ്രവർത്തകർ, എന്റെ ഒപ്പം അഭിനയിച്ചവർ, എന്റെ സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, എന്നെ ചേർത്തുപിടിച്ചു മുന്നോട്ടു നയിക്കുന്നവർ. എന്റെ വീഴ്ചയിലും ഒക്കെ എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ വലിയ ഒരു സംഘത്തിന്റെ കൂടെ ആണ് ഞാൻ ഇവിടെ വരെ എത്തിയത് അല്ലാതെ തനിച്ച് നമുക്കൊന്ന് നേടാൻ സാധിക്കില്ല. എത്ര നല്ല അഭിനയമാണെങ്കിലും അയാൾക്കൊരു നല്ല പ്ലാറ്റ്ഫോം കിട്ടണം, നല്ല സ്ക്രിപ്റ്റ് കിട്ടണം, നല്ല സഹപ്രവർത്തകരെ കിട്ടണം അത്തരത്തിൽ ആ കുട്ടിക്ക് ഒരു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
അതുപോലെ അപ്പുവിന്റെ കാര്യവും, അപ്പുവിന്റെ ഒരു സിനിമ ഇന്ന് റിലീസ് ആവുകയാണ്. അത് വളരെ അപ്രതീക്ഷിതമായി ആയി സംഭവിച്ച കാര്യമാണ്. ഒരു അച്ഛനെന്ന നിലയിലും ഒരു നടൻ എന്ന നിലയിലും സിനിമ മേഖലയുടെ പേരിലും ഞാൻ അവരെ രണ്ടുപേരെയും ആശംസിക്കുന്നു, അഭിനന്ദിക്കുന്നു സ്നേഹപൂർവം.
ആന്റണിയുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ആന്റണിയുടെ വലിയ ഒരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയിൽ വരണമെന്നുള്ളത്. ഞാൻ പറഞ്ഞു അതൊക്കെ അവരുടെ ഇഷ്ടമാണ്. ഒരാളെ സിനിമയിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ ഒരുപാട് പരിമിതികൾ ഉണ്ട്. അവർ തന്നെയാണ് അതിന് കഴിവുണ്ടെന്ന് തെളിയിക്കേണ്ടത്. സ്വന്തമായി കഴിവ് തെളിയിച്ചു മുന്നോട്ടു പോകാൻ ഉള്ള ഒരു ഇന്ധനം ആയി മാത്രമേ എനിക്ക് പ്രവർത്തിക്കാൻ കഴിയൂ. അങ്ങനെയാണ് ‘ആദി’ എന്നൊരു സിനിമ അപ്പുവിനെ വെച്ച് ആദ്യമായി ആന്റണി എടുക്കാൻ തീരുമാനിച്ചത്. ഇതുപോലെ തന്നെയാണ് അപ്പുവിന്റെയും തുടക്കം. എന്തായാലും വളരെ സന്തോഷം. ഇവിടെ എത്തിയ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
ഞാൻ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാൻ പോവുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം.
ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോൾ ഇതിൽ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. കഴിഞ്ഞ ഒരു സിനിമയിൽ (എമ്പുരാൻ) ചെറിയൊരു റോൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോൻ ഇപ്പോൾ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്ബോൾ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണ്, വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ആളാണ് ആശിഷ്. ഈ ഗുണങ്ങളൊക്കെ സിനിമയിൽ അഭിനയിക്കാൻ ഉള്ള യോഗ്യതയാണോ എന്ന് ചോദിച്ചാൽ അല്ല പക്ഷേ അതൊക്കെ ഇതിന് മുതൽക്കൂട്ടാകും. അങ്ങനെ അദ്ദേഹവും ഒരു ലീഡ് റോൾ ഈ സിനിമയിൽ ചെയ്യുന്നുണ്ട്.
ആന്റണി എന്നോട് ചോദിച്ചു, സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു തീർച്ചയായും അറിയിക്കണം എന്തായാലും കുറച്ചു കഴിയുമ്പോൾ എല്ലാവരും അറിയും. ആന്റണിക്കും അതിന്റെ ഒരു അഭിമാനം ഉണ്ട്. മോനും എന്റെ എല്ലാവിധ ആശംസകളും ഹൃദയത്തിൽ നിന്നുള്ള സ്നേഹവും അറിയിക്കുന്നു. എന്റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും മോന് ഉണ്ടാകും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഭാഗ്യം ഉണ്ടാകട്ടെ, നല്ല സഹപ്രവർത്തകർ ഉണ്ടാകട്ടെ. നിങ്ങളുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകട്ടെ. ഇവിടെയെത്തി ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും എല്ലാവരോടും നന്ദി പറയുന്നു.’ മോഹൻലാൽ പറഞ്ഞു.