കൊടുങ്ങല്ലൂർ: ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനനെ (42) അതിക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ കൂനമ്മാവിൽ പ്രവർത്തിക്കുന്ന, മാനസികവെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിന്റെ ഉടമ കൂനമ്മാവ് ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തുമകൻ ആരോമൽ (23), കോട്ടയ്ക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 21നു രാവിലെയാണ് സുദർശനനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപമുള്ള റോഡരികിൽ കണ്ടത്. ഗുരുതരമായ പരിക്കുകളേറ്റിരുന്ന ഇയാൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലാണ്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ഈമാസം 18നു പുലർച്ചെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി അറിഞ്ഞു. പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്നു സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് ഇയാളെ ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ കഴിഞ്ഞുവരവേയാണ് സുദർശനനു ഗുരുതരമായ പരിക്കേറ്റത്.
തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ അമൽ ഫ്രാൻസിസിന്റെ നിർദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ആശ്രമത്തിന്റെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.
സുദർശനനു ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്കുശേഷം കേസ് വരാപ്പുഴ സ്റ്റേഷനിലേക്കു കൈമാറും.