ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഹരി സിംഗ് കോപ്കോട്ടി (38) എന്നയാളാണ് അറസ്റ്റിലായത്.
പരാതിക്കാരിൽ ഒരാളുടെ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പരാതിക്കാരിയുടെ പിതാവിന് സെപ്റ്റംബർ 14 ന് ലഭിച്ച ഒരു ഫോൺ കോളിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയ പോലീസ് ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഹരി സിംഗിനെ ചൈതന്യാനന്ദയ്ക്ക് ഒരു വർഷമായി അറിയാമെന്നും ഇയാളുടെ നിർദേശപ്രകാരമാണ് ഹരി സിംഗ് ഭീഷണി ഫോൺ കോൾ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം, അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.