കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.