മുംബൈ: 2025 ഐസിസി വനിതാ ലോകകപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. ഒക്ടോബർ 29ന് നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയമാണ് വേദി.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഒക്ടോബർ 30ന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയമാണ് വേദി. രണ്ട് മത്സരങ്ങളും വൈകുന്നേരം മൂന്നിനാണ് ആരംഭിക്കുക.
ഇന്ന് നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് സെമി ലൈനപ്പ് വ്യക്തമായത്. വിജയത്തോടെ 13 പോയിന്റുമായി പ്രാഥമിക റൗണ്ടിലെ പോയിന്റ് പട്ടികയിൽ ഓസീസ് ഒന്നാംസ്ഥാനം ഉറപ്പിച്ചു. ഇതോടെയാണ് നാലാം സ്ഥാനത്തുള്ള ഇന്ത്യയുമായി ഓസീസ് സെമിയിൽ ഏറ്റുമുട്ടുന്ന കാര്യം തീരുമാനമായത്.
ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഞായറാഴ്ച ബംഗ്ലാദേശുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട് ഇന്ത്യയ്ക്ക്. നിലവിൽ പത്ത് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഒൻപത് പോയിന്റാണുള്ളതെങ്കിലും അവർക്ക് ന്യൂസിലൻഡുമായി ഒരു മത്സരം ബാക്കിയുണ്ട്.
അതിനാൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആര് ഫിനിഷ് ചെയ്യുമെന്ന് ആ മത്സരത്തിന് ശേഷമെ തീരുമാനമാകുള്ളു. എന്നാൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിയാലിരിക്കും ഒന്നാം സെമി എന്ന കാര്യം ഉറപ്പായി. നവംബർ രണ്ടിന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിലാണ് ഫൈനൽ.