തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പും. ഇതോടെയാണ് സിപിഎം അനുനയനീക്കവുമായി രംഗത്തിറങ്ങിയത്.
മൂന്നാം പിണറായി സർക്കാരിനായി സിപിഎം സർവ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിൻവലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചർച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിർണയക കൂടിക്കാഴ്ച.