തലയോലപ്പറമ്പ്: വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്ന ദിശാബോർഡുകൾ കാടുകയറിമൂടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അപകടകരമായ വളവുകൾ, വാഹനാപകടസാധ്യതയുള്ള സ്ഥലങ്ങളിലെ വേഗപരിധി മുന്നറിയിപ്പുകൾ, സ്ഥലനാമ സൂചകങ്ങൾ ഇതെല്ലാം തലയോലപ്പറമ്പിലെ തെരുവോരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കാടുപിടിച്ച് മറഞ്ഞ നിലയിലാണ്.ചിലത് വാഹനങ്ങൾ തട്ടി ഒടിഞ്ഞത് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചിരിക്കുകയാണ്.
മറ്റുചില സ്ഥലങ്ങളിൽ ബോർഡുകൾ നഷ്ടപ്പെട്ട് കാലുകൾ മാത്രമായി നിൽക്കുകയാണ്. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ള വടയാർ പൊട്ടൻചിറ വളവിൽ സ്ഥാപിച്ചിട്ടുള്ള അപായസൂചക ബോർഡ് കാടുപിടിച്ചു മറഞ്ഞ നിലയിലാണ്.
തലയോലപ്പറമ്പ് നൈസ് തിയറ്ററിന് തൊട്ടുമുൻപായി 40 കിലോമീറ്റർ വേഗപരിധിയെന്നു കാണിച്ചിട്ടുള്ള ബോർഡ് കാടിനുള്ളിലാണ്. തലപ്പാറയിൽ നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ജംഗ്ഷനിലെ ഒടിഞ്ഞ ദിശാബോർഡ് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചി രിക്കുകയാണ്. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വീഥികളിലെ ദിശാബോർഡുകൾ പുനഃസ്ഥാപിച്ച്് ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.