ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി നീന്തലില്‍ താരമായി മാറിയ കാര്‍ത്തിക് എസ്. പ്രദോഷിന്റെ മിന്നും നേട്ടങ്ങളില്‍ അഭിമാനത്തോടെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും.
സംസ്ഥാന സ്കൂള്‍ ഒളിന്പിക്സില്‍ നീന്തലില്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക്, 400 മീറ്റര്‍ വ്യക്തിഗത, 400 മീറ്റര്‍ റിലേ എന്നീയിനങ്ങളില്‍ സ്വര്‍ണവും 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ വെള്ളിയും സ്വന്തമാക്കിയാണ് കാര്‍ത്തിക് സ്കൂളിന്റെയും നാടിന്റെയും യശസുയര്‍ത്തിയത്.
കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെ നീന്തല്‍ ലോകത്തെത്തിച്ചത് പിതാവ് പ്രദോഷാണ്.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏജന്റാണ് അദ്ദേഹം. കുഞ്ഞുന്നാളില്‍ ബന്ധുവീട്ടിലെ കിണറില്‍ വീണ കാര്‍ത്തിക്കിനെ സാഹസികമായി രക്ഷപ്പെടുത്തിയ പ്രദോഷ് ആ സംഭവത്തിനു ശേഷം എടുത്ത തീരുമാനമായിരുന്നു മകനെ നീന്തല്‍ പരിശീലിപ്പിക്കുക എന്നത്. തിരുവല്ലം ജ്യോത്സന സ്വിമ്മിംഗ് അക്കാഡമിയിലായിരുന്നു പരിശീലനം.
ക്രമേണ നീന്തല്‍ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവുമായി. ബിജുവും അരുണുമാണ് കാര്‍ത്തിക്കിന്റെ പരിശീലകര്‍. നീന്തല്‍ രംഗത്ത് തന്നെ തുടരാനാണ് കാര്‍ത്തിക്കിന്റെ താത്പര്യം. പ്രദോഷിന്റെയും വീട്ടമ്മയായ സ്വപ്നയുടെയും പിന്തുണയും പ്രോത്സാഹനവും കാര്‍ത്തിക്കിന് കരുത്ത് പകരുന്നു. വര്‍ക്കല നെടുങ്കണ്ടം കോളജിലെ ബിഎഡ് വിദ്യാര്‍ഥിനിയായ സഹോദരി കാര്‍ത്തിക സംഗീതത്തിലാണ് മിടുക്ക് തെളിയിച്ചിട്ടുള്ളത്.
പുന്നക്കുളം സ്വദേശിയായ കാര്‍ത്തിക്കിന്റെ സ്കൂള്‍ ഒളിന്പിക്സിലെ ഉജ്വല വിജയം സ്കൂളിലെ സഹപാഠികള്‍ക്കും മറ്റു കൂട്ടുകാര്ക്കുമെന്നതു പോലെ അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ആനന്ദമേകുന്നു.