തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വഴി ലഭിച്ച പണം കർണാടകയിലടക്കം ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടാനായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ശ്രമിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ശ്രീറാം പുരയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സംഘാംഗങ്ങളുടെയും നേതൃത്വത്തിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ലഭിച്ചതായാണു വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സംഘാംഗങ്ങൾ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന നടപടി തുടങ്ങും. പോറ്റി സ്വർണം വില്പന നടത്തിയ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധനൻ, നേരത്തെ ചോദ്യംചെയ്ത ശേഷം വിട്ടയച്ച പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യം, സഹ സ്പോണ്സർ രമേശ് തുടങ്ങിയവരെയാണു ചോദ്യംചെയ്യുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 176 ഗ്രാം സ്വർണമാണു കണ്ടെടുത്തത്.
അതേസമയം, ശബരിമലയിലെ സ്വർണപ്പാളികൾ ചെന്പാണെന്ന് റിപ്പോർട്ട് എഴുതിയ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ അടുത്ത ദിവസം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. 30 വരെ പോലീസ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ പങ്കു സംബന്ധിച്ചും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിനു പുറത്തു നടത്തിയ തെളിവെടുപ്പു പൂർത്തിയായി.
കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ ഭാഗങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ തിരികെ എത്തിച്ചു. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചു തെളിവെടുപ്പു നടത്തി. തമിഴ്നാട്ടിലെ മറ്റു ചില സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പു നടത്തിയത്. പിടിച്ചെടുത്ത സ്വർണം അടുത്ത ദിവസംതന്നെ കോടതിയിൽ ഹാജരാക്കാനാണു തീരുമാനം.
“കോടതി ഇല്ലായിരുന്നെങ്കില്‍ അയ്യപ്പവിഗ്രഹവും അടിച്ചുകൊണ്ടു പോയേനെ’
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും അടിച്ചുകൊണ്ടു പോയേനെയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന് പോറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ ദേവസ്വം ബോര്‍ഡും മന്ത്രിയുമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റിക്കെതിരേ നേരത്തേ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ്. പോറ്റിയെ രക്ഷിക്കാനാണ് എല്ലാം ചെമ്പുപാളിയാണെന്ന് എഴുതിക്കൊടുത്തതെന്നും സതീശന് പറഞ്ഞു.