റാന്നി: ജല അഥോറിറ്റി പൈപ്പ് മാറ്റലിനായി എടുത്തിരുന്ന കുഴി ശരിയായി മൂടാത്തതിനേത്തുടര്ന്ന് കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെറുകുളഞ്ഞി സ്വദേശിനി അനൂപ സുകുമാരനാണ് പരിക്കേ്റത്. മുന്‍നിരയിലെ നാലു പല്ലുകള്‍ നഷ്ടമായ അനൂപയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇട്ടിയപ്പാറ - ഒഴുവന്‍ പാറ - വടശേരിക്കര റോഡിന്റെ ഭാഗമായ ഇട്ടിയപ്പാറ - കോളജ് റോഡില്‍ ഇന്നലെ രാവിലെ 9.40 ഓടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ രാവിലെ ജോലിക്കായി സ്കൂട്ടറില്‍ വരുമ്പോള്‍ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി പൈപ്പുകള്‍ മാറ്റുന്ന ജോലിയില്‍ നടന്നു വരികയായിരുന്നെന്ന് പറയുന്നു.
ഇതിനായി റോഡിനു കുറുകെ ഇന്നലെ എടുത്തിരുന്ന കുഴി നന്നായി മൂടാത്തതു മൂലം മഴയില്‍ മണ്ണൊലിപ്പുണ്ടാവുകയും കുഴി വീണ്ടും രൂപപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു.