ഗാസ: ബന്ദിയുടെ മൃതദേഹമെന്ന പേരിൽ രണ്ട് വർഷം മുന്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗം കൈമാറിയെന്ന് ആരോപിച്ച് ഇസ്രയേൽ. ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹമെന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി.
എന്നാൽ ഇത് രണ്ട് വർഷം മുന്പ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തി.
പിന്നാലെ ഒരു വീഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാൻ കെട്ടിടത്തിൽനിന്ന് എടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ട് മൂടിയ ശേഷം റെഡ് ക്രോസിനെ അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം.
മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്നും കഴിച്ചെടുക്കാൻ സമയം വേണമെന്നും കാണിക്കാനാണ് ഇതെന്നാണ് ആരോപണം. ഹമാസ് ആരോപണം നിഷേധിച്ചു. ഇസ്രയേൽ ബോംബിംഗ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.