ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം. പഞ്ചാബിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റണ്‍സ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം കളി അവസാനിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റണ്‍സെന്ന നിലയിലാണ്.
39 റണ്‍സുമായി ബി. അപരാജിതും 19 റണ്‍സുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്റെയും (43) ബാറ്റിംഗ് മികവാണ് കേരളത്തിനു കരുത്തായത്.
കേരളത്തിനായി വത്സൽ ഗോവിന്ദ് 18 റണ്‍സും സച്ചിൻ ബേബി 36 റണ്‍സും മുഹമ്മദ് അസറുദ്ദീൻ 13 റണ്‍സുമെടുത്തു.
പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗതും നമാൻ ധിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മായങ്ക് മാർക്കണ്ഡെ, രമണ്‍ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.