ടോക്കിയോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ആണവ അന്തർവാഹിനി റഷ്യൻ തീരത്തുണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ആണവ റിയാക്ടർ എൻജിൻ ഘടിപ്പിച്ച ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നു റഷ്യ അറിയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. പരീക്ഷണത്തിൽ 14,000 കിലോമീറ്റർ മിസൈൽ പറന്നുവെന്നാണു റഷ്യ അവകാശപ്പെട്ടത്.
“ലോകത്തിലെ ഏറ്റവും മികച്ച ആണവ അന്തർവാഹിനിയെയാണ് അമേരിക്ക റഷ്യൻ തീരത്തേക്ക് അയച്ചിരിക്കുന്നത്. എന്നുവച്ചാൽ അമേരിക്കൻ ആയുധത്തിന് 14,000 കിലോമീറ്റർ പറക്കേണ്ടതില്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരേണ്ട യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലെത്തി.
പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കാനാണു നോക്കേണ്ടത്”-ട്രംപ് പറഞ്ഞു.
അമേരിക്ക എപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയോടു കളിക്കാൻ മുതിരാറില്ല. അമേരിക്കയ്ക്കു റഷ്യയോടു കളിക്കാനും താത്പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് ആയുധങ്ങൾ പരീക്ഷിക്കുന്നതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ട്രംപിനു മറുപടി നല്കി.
മിസൈൽ പരീക്ഷണം അമേരിക്കയുമായുള്ള റഷ്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.