ഭോപ്പാല്‍: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു. തന്റെ പഴ്സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സമയോചിതമായി ഇടപെടാത്തതിലും പ്രതിഷേധിച്ചായിരുന്നു യാത്രക്കാരി കുപിതയായി പെരുമാറിയത്.
മധ്യപ്രദേശിലെ ഇൻഡോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. യുവതി ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സമീപത്ത് ഒരു കുട്ടി ഇരിക്കുന്നതും കാണാം.
ചില്ല് തകര്‍ക്കരുതെന്ന് ചുറ്റും നില്ക്കുന്നവര് പറയുന്നുണ്ടെങ്കിലും യുവതി ജനലിന്റെ ചില്ലിലേക്ക് പ്ലാസ്റ്റിക് ട്രേ കൊണ്ട് തുടരെത്തുടരേ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.