പെരിന്തൽമണ്ണ: പുലാമന്തോൾ പഞ്ചായത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യുഡിഎഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മറ്റി ഇന്നലെ രാവിലെ 10 ന് ആരംഭിച്ച സമരം അഞ്ച് വരെ നീണ്ടു.വൈകീട്ട് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയ യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പുലാമന്തോൾ പഞ്ചായത്തിലെ ഒന്നാം വാർഡിൽ മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റു വാർഡുകളിലെ പേരുള്ള 18 ആളുകളെ ചേർത്തതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിലെ ഭരണാധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സിപിഎം ഭരണ സ്വാധീനം ദുരുപയോഗം ചെയ്യുകയാണെന്നും അവർ ആരോപിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ്, കൺവീനർ ഇസ്സുദ്ധീൻ, നേതാക്കളായ ഷിബു ചെറിയാൻ, കെ. കെ. ഹൈദ്രസ് ഹാജി, മുത്തു കട്ടുപ്പാറ, ഷാജി കട്ടുപ്പാറ,ഹാരിസ് ചെമ്മലശ്ശേരി, നാഫിഹ് വളപുരം, സാലിഹ് കുരുവമ്പലം പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ,യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.