പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ബിജെപിയിൽ ചേർന്നു. 34 വർഷമായി സജീവ സിപിഎം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ജോർജ് മാത്യുവാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായി വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പൂഞ്ഞാർ തെക്കേക്കരയിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അംഗമായ ജോർജ് മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും വിഷയം ചർച്ച ചെയ്യുകയും പി.സി. ജോർജിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു വഴങ്ങിയില്ല.
തുടർന്ന് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കോൺഗ്രസ് പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബിജെപിയിലേക്ക് ചേക്കേറിയ ജനപക്ഷത്തിന്റെ പിന്തുണ അപ്പോഴും ജോർജ് മാത്യുവിന് ഒപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും പ്രസിഡന്റുസ്ഥാനത്ത് തുടരാൻ ജോർജ് മാത്യുവിനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മിനർവ മോഹൻ എന്നിവരും പങ്കെടുത്തു.