റിയോ ഡി ഷനേറോ: റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് ബ്രസീലിയൻ പോലീസ് റിയോ ഡി ഷനേറോ നഗരത്തിൽ നടത്തിയ റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മാരക റെയ്ഡാണിതെന്നു പറയുന്നു.
സിവിൽ, മിലിട്ടറി പോലീസ് വിഭാഗങ്ങൾ ചൊവ്വാഴ്ച സംയുക്തമായി റിയോ നഗരത്തിന്റെ വടക്കൻ പ്രാന്തത്തിലുള്ള അലെമാവോ, പെൻഹ ജില്ലകളിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. 2500 ഭടന്മാരാണു സംഘത്തിലുണ്ടായിരുന്നത്.
ഗുണ്ടാസംഘങ്ങൾ വെടിയുതിർത്താണു പ്രതികരിച്ചത്. പോലീസിനെ തടയാൻ റോഡുകൾ ഉപരോധിച്ചു. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ നാലു പോലീസുകാരും ഉൾപ്പെടുന്നു. മരിച്ച 50 പേർ പലവിധ കേസുകളിലെ പ്രതികളാണ്.
80 പേരെ അറസ്റ്റ് ചെയ്യുകയും 200 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സിവിലിയന്മാർ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
മയക്കുമരുന്ന് വിതരണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന റെഡ് കമാൻഡ് ഗുണ്ടാസംഘം ബ്രസീലിൽ ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
പോലീസ് നടപടി ഭയാനകമായിരുന്നുവെന്നും സംഭവത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് ആവശ്യപ്പെട്ടു.