ഇരിട്ടി: പേരട്ട കല്ലൻതോട് ഉൾപ്പെടെ ജനവാസ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി കാട്ടാനകൾ ഇറങ്ങുന്ന സ്ഥലത്തെ തകർന്ന 400 മീറ്റർ സോളാർ വേലി പുനഃസ്ഥാപിച്ചു. ഇന്നലെ വൈകുന്നേര ത്തോടെയാണ് വനം വകുപ്പും നാട്ടുകാരും ചേർന്ന് വേലിയുടെ അറ്റകുറ്റപണി പൂർത്തിയാക്കി ചാർജ് ചെയ്തത്.
വനം വകുപ്പ് ശ്രീകണ്ഠപുരം സെക്ഷനിലെ ജീവനക്കാരും പഞ്ചായത്ത് അംഗം ബിജു വെങ്ങ ല പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. ആദ്യ നാട്ടുകാർ ഇവിടുത്തെ കാടുകൾ വെട്ടി തെളിച്ചിരുന്നു. പേരട്ട തൊട്ടിപ്പാലം റോഡിലെ 400 മീറ്റർ വേലി തകർന്ന ഭാഗത്തുകൂടിയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്. ഇന്നലെ രാത്രിയും ഇതുവഴി കൃഷിയിടത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കാട്ടാനയെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിരോധിച്ചു. പുലർച്ചെ മൂന്നുവരെ ഉറങ്ങാതെ കാത്തിരുന്നാണ് ജനങ്ങൾ പ്രതിരോധം തീർത്തത്. പടക്കം പൊട്ടിച്ചും തീ കത്തിച്ചുമാണ് നാട്ടുകാർ പ്രതിരോധം തീർത്തത്.
പേരട്ട കല്ലൻതോട് മേഖലയിൽ കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് പൂമലയും പ്രതിനിധികളും സന്ദർശിച്ചു. കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന ആനകളെ നിയന്ത്രിക്കാൻ അധികൃതർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രദേശവാസികളായ ബൈജു വണ്ടിച്ചാലിൽ, വർഗീസ് ചെമ്പനാനിക്കൽ, ടോം കുറുന്തോട്ടം, ഷെഫീഖ് വടകര, കർഷ കോൺഗ്രസ് പ്രതിനിധികളായ അഗസ്റ്റിൻ വെങ്ങക്കുന്നേൽ, ബേബി പുഷ്പകുന്നേൽ, ജോൺസൺ കണ്ടംകേരി എന്നിവരും ഉണ്ടായിരുന്നു.