അടിമാലി: ദേശീയപാത -85ല്‍ പള്ളിവാസല്‍ മൂലക്കടയ്ക്ക് സമീപവും മണ്ണിടിച്ചില്‍. ഇന്നലെ രാത്രിയിലാണ് മണ്ണിടിഞ്ഞത്. ദേശീയപാതയുടെ നവീകരണജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ച് വീതി വര്‍ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇവിടെയാണ് മണ്ണിടിഞ്ഞത്.
ദേശീയപാതയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞുപോയ നിലയിലാണ്. നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തിയും തകര്‍ന്നു. നിര്‍മാണ തൊഴിലാളികളടക്കമുള്ളവരും വാഹനങ്ങളും സംഭവസമയത്ത് പ്രദേശത്തില്ലാതിരുന്നതിനാല് അപകടങ്ങള്‍ ഒഴിവായി.
പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്. ശക്തമായ മഴ പെയ്യുകയും ഭാരവാഹനങ്ങള്‍ നിരന്തരം കടന്നുപോകുകയും ചെയ്താല്‍ കൂടുതല്‍ അപകടാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇതുവഴി ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്.
പാതയോരം ഇനിയും ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാകും. നാളുകള്‍ക്ക് മുമ്പ് കരടിപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ് സമാന സാഹചര്യം രൂപപ്പെട്ടിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സംരക്ഷണഭിത്തി നിര്‍മിച്ച് ഇതുവഴിയുള്ള ഗതാഗതം പഴയപടിയാക്കാന്‍ സാധിച്ചത്.