Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
Kerala
പാലക്കാട്: കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ ബുധനാഴ്ച രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പോലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് രാവിലെ ഏഴിന് ട്യൂഷന് പോയിരുന്നു. തുടർന്ന് ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികൾ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Kerala
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് മെമ്പർമാരെയും തെരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ചായിരുന്നു റിയാസ് കോൺഗ്രസ് വിട്ടത്. റിയാസിനെതിരായ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് റിയാസ് പറഞ്ഞു. തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.
Kerala
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Kerala
കണ്ണൂർ: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ എ ഗ്രൂപ്പ് നേതാക്കൾ പാലക്കാട്ട് യോഗം ചേർന്നതിന്റെ വിവരങ്ങൾ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടനയെടുത്തത് ഉചിതമായ തീരുമാനമാണെന്നും പാലക്കാട്ട് എംഎൽഎ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്. രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികയായ രണ്ടാംക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളും കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്കൂളിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു നഫീസത്ത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത്തിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: വാളയാറില്‍ ഫോം നിര്‍മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പതിനാലാം കല്ലിലുള്ള പൂലമ്പാറയില്‍ സ്ഥിതിചെയ്യുന്ന പ്യാരിലാല്‍ ഫോംസ് എന്ന കമ്പനിയിൽ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തം ഉണ്ടായത്.
രണ്ടു ഗോഡൗണുകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള സംഘമെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീയും പുകയും പൂർണമായി നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
Kerala
പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യൻ((25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹവുമായി ഇവർ ആശുപത്രിയിലെത്തിയതോടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരകുന്നു.
ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർക്കെതിരേ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേഖയുടെ ഭർത്താവായ ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച യുവതിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ സാധ്യതാ ലിസ്റ്റിലുള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2,185 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനംനടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ഫോണിലൂടെ കൗൺസലിംഗ് നൽകി.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
District News
പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നിരുന്നാലും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Kerala
പാലക്കാട് : മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മണ്ണാർക്കാട് സ്വദേശി രമേശിനെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടികുളങ്ങര സ്വദേശി വേണുഗോപാലാണ് മരിച്ചത്. കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ് പോലീസിനോട് പറഞ്ഞു.
വേണുഗോപാൽ തന്റെ ആക്രിവസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിലെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ആക്രികച്ചവടക്കാരായ ഇരുവരും തമ്മിൽതർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു വേണുഗോപാലിനെ രമേശ് ആക്രമിച്ചത്.
പ്രതി ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ചയാണ് മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയില്‍വെ കോളനി അത്താണിപ്പറമ്പിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.