തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാൽ സംഭരണത്തിലും വിൽപനയിലും മികച്ച നേട്ടം കൈവരിച്ച് മിൽമ. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് മിൽമയുടെ മൂന്നു യൂണിയനുകളും നേട്ടമുണ്ടാക്കിയത്.
ഈ സാന്പത്തിക വർഷത്തിലെ ആറു മാസക്കാലയളവിൽ മിൽമയുടെ ആകെ പാൽ സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ സംഭരണം പ്രതിദിനം 10,66,340 ലിറ്റർ ആയിരുന്നു. 1,48,949 ലിറ്ററിന്റെ വർധനയാണുള്ളത്. 13.97 ശതമാനമാണ് വർധന. മൂന്നു യൂണിയനുകളിലും മുൻവർഷത്തേക്കാൾ വർധന രേഖപ്പെടുത്തി.
പാൽ വിൽപനയിലും ഈ നേട്ടം കൈവരിക്കാൻ മിൽമയ്ക്കായി. മൂന്നു യൂണിയനുകളും ചേർന്ന് പ്രതിദിനം 16,83,781 ലിറ്റർ പാലാണ് ആറു മാസക്കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 16,50,296 ലിറ്റർ ആയിരുന്നു. 33,485 ലിറ്ററിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2.03 ശതമാനമാണ് വർധന.
അടുത്തിടെ നടത്തിയ സർവേയിൽ കാലികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്ന് രേഖപ്പെടുത്തുന്പോഴും കഴിഞ്ഞ ആറു മാസത്തിൽ പാൽസംഭരണത്തിൽ 14 ശതമാനത്തോളം വർധനയുണ്ടായത് ശ്രദ്ധേയമാണെന്നു മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.