ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ സാധാരണക്കാരായ എട്ട് പേർ കൂടി കൊല്ലപ്പെട്ടു. പാക് സേന നടത്തിയ വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടത്.
ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാല് പേരും മുസാഫറാബാദിൽ രണ്ട് പേരും മിർപൂരിൽ രണ്ട് പേരും മരിച്ചു. ചൊവ്വാഴ്ച മുസാഫറാബാദിൽ നിന്ന് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 10 ആയി.
മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പാക് അധിനിവേശ കാഷ്മീരിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
മാർക്കറ്റുകൾ, കടകൾ തുടങ്ങിയവ എന്നിവ പൂർണമായും അടച്ചിടുകയും ഗതാഗത സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു. മുസാഫറാബാദിലേക്കുള്ള മാർച്ച് തടയാൻ പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ പ്രതിഷേധക്കാർ നദിയിലേക്ക് തള്ളിയിട്ടു.
70 വർഷത്തിലേറെയായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അവകാശങ്ങൾ നൽകുക, അല്ലെങ്കിൽ ജനങ്ങളുടെ ശക്തി നേരിടുക.- എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.