ന്യൂഡൽഹി: പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാൻ കേന്ദ്രസർക്കാരുമായി 2024 മാർച്ചിൽ കേരളം ധാരണയിലെത്തിയിരുന്നതായി കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ. വിദ്യാഭ്യാസം കണ്കറന്റ് പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അതേപടി നടപ്പാക്കണമെന്നു നിർബന്ധമില്ല.
അതിനാൽ പാഠ്യപദ്ധതികളും പാഠപുസ്തകവും സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. എൻഇപിയുടെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടാനാണു പിഎം ശ്രീ നടപ്പാക്കുന്നത്. സ്കൂളുകളുടെ നിലവാരവും സൗകര്യങ്ങളും ഉയർത്താൻ ഇതു സഹായിക്കും. വിദ്യാഭ്യാസത്തിൽ ദേശീയതലത്തിൽ ഏകീകരണം ഉണ്ടാകണമെന്നാണു കേന്ദ്രസർക്കാരിന്റെ താത്പര്യം. പദ്ധതിയിൽ കേരളം പങ്കുചേർന്നതിൽ സന്തോഷമുണ്ടെന്നും മറ്റു സംസ്ഥാനങ്ങൾക്ക് ഈ അനുഭവം പ്രയോജനപ്പെടാൻ ഉപകരിക്കുമെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കഴിഞ്ഞ മേയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലെത്തിയപ്പോൾ പറഞ്ഞിരുന്നു. എന്നാൽ, ഈ പ്രസ്താവനയ്ക്കു നേർവിപരീതമാണ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയുടെ ഇപ്പോഴത്തെ പ്രതികരണം. എൻഇപിക്കെതിരേ 2020 മുതൽ ശക്തമായ പ്രതിരോധമുയർത്തിയ സംസ്ഥാന സർക്കാരിന്റെ മനംമാറ്റമാണ് കഴിഞ്ഞവർഷം പിഎം ശ്രീ നടപ്പാക്കാമെന്ന ഉറപ്പോടെ വ്യക്തമാകുന്ന
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ മാത്രമേ സർവശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് അനുവദിക്കൂവെന്ന നിലപാടാണു കേന്ദ്രം കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ കേരളം സമ്മതപത്രം നൽകി. ദേശീയ വിദ്യാഭ്യാസ നയം പൂർണമായും നിർബന്ധമായും നടപ്പാക്കണമെന്നതില്ലെന്ന നിലപാടാണ് എല്ലാ ഘട്ടത്തിലും കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയവുമായി മുന്നോട്ടു പോകാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അത്തരമൊരു സ്വാതന്ത്ര്യത്തെയും പിഎം ശ്രീ ധാരണാപത്രം തടയുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം
ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള നീക്കം ഡൽഹി കേന്ദ്രീകരിച്ചും തുടരുകയാണ്. ധാരണാപത്രത്തിൽനിന്നു പിന്മാറണമെന്ന നിലപാട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ആവർത്തിച്ചു. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടതു സിപിഎമ്മാണെന്നുകൂടി വ്യക്തമാക്കിയാണ് രാജ കൂടിക്കാഴ്ച അവസാനിപ്പിച്ചു മടങ്ങിയത്.
ഒപ്പിടുന്ന വിവരം സിപിഐയിൽനിന്നു മറച്ചുവച്ചതിലെ അതൃപ്തിയും രാജ ബേബിയെ അറിയിച്ചു. സിപിഎം ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു. പിഎം ശ്രീ വിഷയത്തിൽ നിസഹായാവസ്ഥയാണു ബേബിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ വിമർശനം. എന്നാൽ, കുറച്ച് ശക്തി അദ്ദേഹത്തിൽനിന്നു കടം വാങ്ങാമെന്നായിരുന്നു ബേബിയുടെ മറുപടി. പ്രകാശ് ബാബുവിന്റെ വിമർശനത്തിനു മറുപടി അർഹിക്കുന്നില്ലെന്നും ബേബി വ്യക്തമാക്കി. രാജയുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും കൃത്യമായ മറുപടി താൻ നൽകിയിട്ടുണ്ട്. പിഎം ശ്രീ വിഷയം കേരളത്തിൽ ചർച്ച ചെയ്തു പരിഹരിക്കേണ്ട കാര്യമാണ്. കേരളത്തിൽ തീരുമാനമെടുക്കുന്നതിന് അഖിലേന്ത്യാ തലത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതു താനും രാജയും നൽകുമെന്നും ബേബി ഡൽഹിയിൽ പറഞ്ഞു.