ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഐക്കോണിക് പെർഫോമൻസ് സെഡാൻ മോഡൽ ഒക്ടാവിയ ആർഎസിനെ തിരികെ കൊണ്ടുവരുന്നു. ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഈ വർഷം ആദ്യം സ്കോഡ പ്രഖ്യാപിച്ചിരുന്നു.
ഒക്ടാവിയയുടെ മടങ്ങിവരവിലൂടെ സ്കോഡ ആ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2004 ലാണ് ഇന്ത്യയിലെ ആദ്യ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ പാസഞ്ചർ കാറായി ഒക്ടാവിയ ആർഎസ് അവതരിപ്പിച്ചത്.
റാലി സ്പോർട് എന്നതിന്റെ ചുരുക്കെഴുത്തായ ആർഎസ് മികച്ച പെർഫോമൻസിനെയാണ് സൂചിപ്പിക്കുന്നത്. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോൾഡ് ഡിസൈൻ, മികച്ച റാലി സ്പോർട് സ്പിരിറ്റ് എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച പെർഫോമൻസും പുതിയ ഒക്ടാവിയ ആർഎസ് നൽകുമെന്ന് സ്കോഡ ഉറപ്പുനൽകുന്നു.
ഈ വർഷം ആദ്യം ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഒക്ടാവിയ ആർഎസ് പ്രദർശിപ്പിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഫുള്ളി ബിൽറ്റ് യൂണിറ്റ് ആയിയാണ് ഒക്ടേവിയ ആർഎസ് ഇന്ത്യയിൽ എത്തുക.
100 യൂണിറ്റുകൾ മാത്രമേ വിപണിയിൽ എത്തിക്കുകയോള്ളൂ. ഫോക്സ്വാഗണ് ഗോൾഫ് ജിടിഐയിലെ മോട്ടോർ തന്നെയാണ് ഒക്ടാവിയ ആർഎസിലും ഉപയോഗിച്ചിരിക്കുന്നത്. എക്സ്ക്ലൂസീവ് ബന്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.
സ്പോർട്സ് ഫ്രണ്ട് സീറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, കോണ്ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, പെഡലുകളിൽ അലുമിനിയം ഫിനിഷ്, 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി പുതുമകൾ വാഹനത്തിനുണ്ട്.
2.0 ലിറ്റർ ടിഎസ്ഐ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 261 ബിഎച്ച്പി കരുത്തും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിൽ ഉൾപ്പെടുന്നു.
6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഒക്ടോബർ 6 മുതൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിംഗ് ആരംഭിക്കും. വിലകൾ ഒക്ടോബർ 17ന് പ്രഖ്യാപിക്കും.