മൂവാറ്റുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളില്‍ നടന്ന മധ്യകേരള സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കലാകിരീടം ചൂടിയ നിര്‍മല പബ്ലിക് സ്കൂളിനെ ആദരിച്ചു. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും മാനേജ്മെന്റും പിടിഎയും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ജയ്ബി കുരുവിത്തടം, സ്കൂള്‍ ലീഡര്‍മാരായ റിച്ചാര്‍ഡ് കെ. റോള്‍സണ്‍, എസ്. ഗൗരികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
കലോത്സവത്തില്‍ 938 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ കലാകിരീടം ചൂടിയത്. സഹോദയ കലോത്സവത്തില്‍ രണ്ടാം തവണയാണ് നിര്‍മല പബ്ലിക് സ്കൂള്‍ ഹാട്രിക് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. 839 പോയിന്റ് നേടിയ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 703 പോയിന്റോടെ തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ മൂന്നാമതും 591 പോയിന്റ് നേടി വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍ നാലാമതും എത്തി. 570 പോയിന്റ് നേടിയ തൊടുപുഴ ഡീപോള്‍ പബ്ലിക് സ്കൂളാണ് അഞ്ചാം സ്ഥാനത്ത്.
അഞ്ച് കാറ്റഗറികളിലായി 140 ഇനങ്ങളിലാണ് മത്സരം നടന്നത്. അഞ്ചുദിവസം നീണ്ടുനിന്ന കലാമേളയില്‍ എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ നൂറില്‍പ്പരം സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരച്ചു. രചനാ മത്സരങ്ങളില്‍ എല്ലാ വിഭാഗത്തിലും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി. സ്റ്റേജ് ഇനങ്ങളില്‍ മൂന്ന്, നാല് കാറ്റഗറികളിലും കാറ്റഗറി ഇതര വിഭാഗത്തിലും നിര്‍മല പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. കാറ്റഗറി രണ്ടില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് നിര്‍മലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
കാറ്റഗറി ഒന്നിലും രണ്ടിലും വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബാന്‍ഡ് ഡിസ്പ്ലേ മത്സരത്തില്‍ തുടര്‍ച്ചയായ നാലാം തവണയും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ജേതാക്കളായി. 2011 മുതല്‍ 2014 വരെ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ നിര്‍മല പബ്ലിക് സ്കൂള്‍ 2023 മുതല്‍ വീണ്ടും ചാമ്പ്യന്മാരായി തുടരുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ കലോത്സവങ്ങളിലെല്ലാം ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ നിര്‍മല പബ്ലിക് സ്കൂള്‍ ഇടം നേടിയിരുന്നു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി ഞാലിപ്പറമ്പില്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ദീപ്തി റോസ്, അധ്യാപകരായ ജിന്‍സി ജോര്‍ജ്, അന്നമ്മ മാത്യു, കെ.എസ്. സുഷ, എം.എസ്. രജനി, അനിത ആന്റണി, ജോബിന് അലക്സ്, മാത്യൂസ് കുര്യന്, സോനു സത്യന് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ നിര്‍മല പബ്ലിക് സ്കൂള്‍ കലോത്സവത്തിന് ഒരുങ്ങിയത്. സഹോദയ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയര്‍ക്ക് നവംബര്‍ 12 മുതല്‍ 15 വരെ കോട്ടയം ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
സംസ്ഥാന കലാമേളയില്‍ 33 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കുവാന്‍ നിര്‍മല പബ്ലിക് സ്കൂള്‍ അര്‍ഹത നേടിയതായും രക്ഷാകര്‍ത്താക്കളുടെ സഹകരണവും പ്രോത്സാഹനവുമാണ് നിര്‍മലയെ തുടര്‍ച്ചയായി കലോത്സവ വിജയത്തിലേക്കു നയിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി പറഞ്ഞു.