നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്ന ഫോക്സ് വാഗൺ പോളോ കാർ, ബോണറ്റിൽ നിന്ന് തീപടർന്ന് കത്തിനശിച്ചു. ആളപായമില്ല.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും മകളും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു.
സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. മൂന്ന് മാസത്തോളമായി കാർ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു.
അതേ സമയം ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലും അത് വ്യക്തമായിട്ടുണ്ട്. ചെങ്ങമനാട് പോലീസ് കേസെടുത്തു.