തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്.
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി.
11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ നാല് ദിവസമുണ്ട്. സാധാരണയായി ഒന്‍പതു രാത്രികളും പത്തു പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ പത്തു രാത്രികളും 11 പകലുകളുമായാണ് ആഘോഷം നീണ്ടുനില്‍ക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു പൂജ വയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.
ഐതീഹ്യം
മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
ദേവലോകത്തെത്തിയ ദേവിയെ കണ്ട മഹിഷാസുരന് ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി പറയുകയും ഇരുവരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു.
യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെയെല്ലാം ദേവി കൊന്നൊടുക്കിയപ്പോള്‍ മഹിഷാസുരന് തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദുര്‍ഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്പിക്കപ്പെടുന്നു.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്.
അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.
ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. സ്െ്രെതണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.