നല്ലേപ്പിള്ളി: നെൽകൃഷിക്ക് വെള്ളംവിടുന്ന ഇറിഗേഷൻ കനാലുകളുടെ പണി വേഗത്തിലാക്കി കൃഷി പണി നടത്താനും ഞാറ്റടിക്കു വെളളം വിടാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ കർഷകർ ആവശ്യപ്പെട്ടു.
വളരെ കുറവ് തൊഴിലാളികളെ ഉപയോഗിച്ചു പുല്ലുവെട്ടിയെങ്കിലും എല്ലാം കനാലിൽതന്നെയാണ് കിടക്കുന്നത്. ഇതു നീക്കംചെയ്ത ശേഷമേ വെള്ളം തുറക്കാൻ കഴിയൂ.
കൊയത്ത് കഴിഞ്ഞവർക്കു നിലം ഉഴുതുമറിക്കാനും ഞാറുപാകാനുമെല്ലാം വെള്ളം അത്യാവശ്യമായ സമയമാണിത്. ഞാറ്റടി വൈകിയാൽ രണ്ടാംവിളതന്നെ വൈകും.
ഓരോ ബ്രാഞ്ച് കനാലുകൾ പണി പൂർത്തികരിച്ച് അതിലൂടെ കൃഷിക്ക് വെള്ളം വിട്ടില്ലെങ്കിൽ എല്ലാ സ്ഥലത്തും കൃഷിപ്പണി ഒരുമിച്ചാവില്ല. ഇതിനു പുറമെ തൊഴിലാളി, ട്രാക്ടർ, ടില്ലർ ക്ഷാമമെല്ലാം കർഷകരെ വലയ്ക്കുന്ന ഘടകങ്ങളാണെന്നു നരിചിറ പാടശേഖര സമിതി സെക്രട്ടറി വി.രാജൻ പറഞ്ഞു.