മട്ടന്നൂർ: മാലൂർ കുണ്ടേരിപ്പൊയിലിൽ നിന്ന് മൈസൂരുവിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ സ്ത്രീ ബസിടിച്ചു മരിച്ചു.
മാലൂർ കുണ്ടേരിപ്പൊയിലിനടുത്തു താമസിക്കുന്ന കൗസു (53) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൗസുവിന്റെ ചേച്ചി നാരായണി (82) ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണു കുണ്ടേരിപ്പൊയിൽ കോട്ടയിൽ നിന്ന് 50 അംഗ സംഘം മൈസൂരുവിലേക്കു പോയത്.
സ്ഥലങ്ങളെല്ലാം കണ്ട് ഞായറാഴ്ച രാത്രി നാട്ടിലേക്കു മടങ്ങാൻ തയാറെടുക്കുന്നതിനിടെ യാത്രാസംഘം തയാറാക്കിയ ഭക്ഷണം ടൂറിസ്റ്റ് ബസ് പാർക്ക് ചെയ്ത സ്ഥലത്ത് നിലത്തിരുന്ന് കഴിക്കുന്പോൾ സഹോദരിമാരുടെ ദേഹത്ത് മറ്റൊരു ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
പരേതരായ അമ്പു-മാതു ദന്പതികളുടെ മകളാണ്. ഭർത്താവ്: എൻ. സുരേന്ദ്രൻ (ചെങ്കൽ തൊഴിലാളി). മക്കൾ: ഉജിത്ത് (ഡ്രൈവർ), ഉദിനന്ദ് (പ്ലസ്ടു വിദ്യാർഥി, കോട്ടയം മലബാർ ഹൈസ്കൂൾ). മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുണ്ടേരിപ്പൊയിലിലെ വീട്ടിലും മാനന്തേരിയിലെ വീട്ടിലും പൊതുദർശനത്തിനുശേഷം വലിയ വെളിച്ചം ശ്മശാനത്തിൽ സംസ്കരിച്ചു.