വിതുര: ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ശാന്തി നഗർ- മുല്ലച്ചിറ റോഡിൽ അപകടകരമായ വെള്ളക്കെട്ടുകൾ. പൊന്മുടിപ്പാതയിലെ ചിറ്റാർപ്പാലത്തിന്റെ നിർമാണം മൂലം ഗതാഗതം തടസപ്പെട്ടത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കിയ റോഡിലാണ് ഈ അവസ്ഥ.
പാലം നിർമാണത്തിന്റെ ഭാഗമായി തേവിയോട് നിന്ന് വാഹനങ്ങൾ ഐസർ റോഡിലേക്ക് തിരിച്ചു വിടുകയായിരുന്നു. പൊന്മുടി, ആനപ്പാറ, കല്ലാർ ഭാഗങ്ങളിലേക്കു പോകാനുള്ള ഇരുചക്ര -മുച്ചക്ര വാഹനങ്ങൾക്ക് കടന്നു പോകാനാണ് ശാന്തി നഗറിൽ നിന്നു തിരിയുന്ന റോഡിൽ സൗകര്യം ഒരുക്കിയത്. ഇതു വഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയത് ഇട റോഡിന്റെ ഉറപ്പിനെ ബാധിച്ചു. അശാസ്ത്രീയ നിർമാണവും റോഡിനോട് ചേർന്ന കൈത്തോടുകളും മഴവെള്ളം കുത്തിയൊലിച്ചതും പ്രശ്നം രൂക്ഷമാക്കി.
രൂപപ്പെട്ട ചെറിയ കുഴികളിൽ വെള്ളം കെട്ടി നിന്നതോടെ ആഴം കൂടി. ടാറും ചല്ലിയും ഇളകി മാറിയതോടെ ഒരു കിലോമീറ്ററോളം ദൂരം മുഴുവൻ ഇത്തരത്തിൽ കുണ്ടും കുഴിയുമായി.
ചെളി വെള്ളം കെട്ടി നിൽക്കുന്നതോടെ പലപ്പോഴും കുഴികളുടെ ആഴം അറിയാനാകാത്തതാണ് പ്രധാന പ്രശ്നം. പൊന്മുടിയിലേക്കെത്തുന്ന സന്ദർശകരുടെ പരിചയക്കുറവ് അപകടങ്ങൾ പതിവാക്കുന്നു.
ഇതു വഴി പോകുന ഓട്ടോറിക്ഷകളും കാറുകളുമടക്കമുള്ള വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.