തിരുവനന്തപുരം: സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചുകിലോമീറ്റര്‍ നടത്തില്‍ റിക്കാര്‍ഡ് നേട്ടവുമായി മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലഷ് സ്കൂളിലെ മുഹമ്മദ് സുല്‍ത്താൻ.
21.40 മിനിറ്റില്‍ സുല്‍ത്താന്‍ ഫിനിഷ് ചെയ്തപ്പോള്‍ തിരുത്തപ്പെട്ടത് 2016ല്‍ പാലക്കാട് പറളി സ്കൂളിലെ എ. അനീഷ് സ്ഥാപിച്ച 21.50 മിനിറ്റ് സമയം. ഈ ഇനത്തില്‍ വെള്ളി നേട്ടതത്തിന് അര്‍ഹനായ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ ആദിത് വി.അനിലും നിലവിലെ റിക്കാര്‍ഡ് മറികടക്കുന്ന (21.47 മിനിറ്റ്) പ്രകടനം നടത്തി.
മുഹമ്മദ് സുല്‍ത്താന്‍ കഴിഞ്ഞ രണ്ടു സംസ്ഥാന മീറ്റുകളിലും ഈ ഇനത്തില്‍ സുവര്‍ണ ജേതാവായിരുന്നു. ദേശീയ സ്കൂള്‍ മീറ്റില്‍ വെള്ളിനേട്ടത്തിനും അര്‍ഹനായി. 21.17 മിനിറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു കയറിയിട്ടുള്ള ഈ താരം ഇന്നലെ ഉണ്ടായ ശക്തമായ മഴയെയും പ്രതിരോധിച്ചാണ് റിക്കാര്‍ഡ് കുതിപ്പ് നടത്തിയത്.
കെ.ആര്. സുര്‍ജിത്തിന്റെ കീഴിലാണ് പരിശീലനം. 200 മീറ്റര്‍ ട്രാക്കിലായിരുന്നു തുടക്ക കാലത്ത് പരിശീലനം. തുടര്‍ന്ന് കൂടുതല്‍ പരിശീലനത്തിനായി കാലിക്കട്ട് സ്റ്റേഡിയത്തിലുമെത്തി. ദേശീയ മത്സരത്തില്‍ പൊന്നിന് കുതിപ്പിനായുള്ള പരിശീലനമാണ് ഇനി മുന്നിലുള്ളതെന്നു മുഹമ്മദ് സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.