ദൃശ്യം മൂന്നാം ഭാഗം ആരാധകരെല്ലാം ആകാംഷയോടെ നോക്കിയിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രമാണ്. ചിത്രത്തിലെ ഒരേ ഫ്രെയിമുകൾക്ക് മൂന്നു ഭാഗങ്ങളിലുമായി ഉണ്ടായ ഒരു മാറ്റം ജീത്തു ജോസഫ് പങ്കുവച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം.
ദൃശ്യം സിനിമയുടെ 12 വർഷത്തെ യാത്ര കൂടിയാണ് സംവിധായകൻ ലളിതമായി പറഞ്ഞു വച്ചത്. ദൃശ്യം 1 , ദൃശ്യം 2, ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 എന്നിവയിലെ ഡൈനിംഗ് ടേബിൾ സീനുകളാണ് അദ്ദേഹം കോർത്തിണക്കി പോസ്റ്റ് ചെയ്തത്.
മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയും ഭാര്യ റാണി, മക്കളായ അഞ്ജു, അനു എന്നിവർ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 2013-ൽ ചെറിയ കുട്ടികളായിരുന്ന അഞ്ജുവും അനുവും 2021-ൽ കൗമാരക്കാരായും, ‘ദൃശ്യം 3’ൽ കൂടുതൽ വളർന്നതായും ചിത്രങ്ങളിൽ കാണാം. മാത്രമല്ല ഡൈനിംഗ് ടേബിളിന്റെ മാറ്റവും ഇന്റിരിയർ മാറ്റവും ചിത്രങ്ങളിൽ കാണാം.
ആറ് വർഷങ്ങൾക്കിപ്പുറം റിലീസ് ചെയ്ത രണ്ടാം ഭാഗത്തിൽ ജോർജുകുട്ടി സാമ്പത്തികമായി വലിയ വളർച്ച നേടി ഒരു തിയേറ്റർ ഉടമയും ചലച്ചിത്ര നിർമാതാവുമായി. എന്നാൽ, മൂത്തമകൾ അഞ്ജു പഴയ സംഭവങ്ങളുടെ ഓർമ്മകൾ കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു.
ജോർജുകുട്ടിയുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയും കേസിന്റെ ദുരൂഹതയും നാട്ടുകാർക്കിടയിൽ ഗോസിപ്പുകൾ വർധിപ്പിച്ചു. ഗീത പ്രഭാകറിന്റെ നിരന്തരമായ സമ്മർദ്ദത്താൽ കേസ് വീണ്ടും അന്വേഷിക്കുകയും പോലീസിന് ഒരു ദൃക്സാക്ഷിയെ ലഭിക്കുകയും ചെയ്തു.
പുതിയ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ജോർജുകുട്ടിയുടെ ബുദ്ധിയെ മറികടന്ന് മൃതദേഹം കുഴിച്ചിട്ട പോലീസ് സ്റ്റേഷന്റെ അടിത്തറയിലേക്ക് എത്താൻ ശ്രമിച്ചു. എന്നാൽ, താൻ മുൻകൂട്ടി എഴുതി തയാറാക്കിയ ഒരു ചലച്ചിത്ര തിരക്കഥയുമായി ഈ കേസിന് ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിച്ച് ജോർജുകുട്ടി വീണ്ടും നിയമത്തിൽ നിന്ന് രക്ഷപ്പെട്ടു.
വരുൺ പ്രഭാകറിന്റെ ചിതാഭസ്മം അവന്റെ മാതാപിതാക്കൾക്ക് രഹസ്യമായി എത്തിച്ചു നൽകിയാണ് ജോർജുകുട്ടി ഈ കഥ അവസാനിപ്പിച്ചത്.