പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയുടെ 35-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നിർധനരായ 10 രോഗികൾക്ക് സൗജന്യമായും 50 രോഗികൾക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന "പുനർജനി’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിനോടകം കിംസ് അൽശിഫ റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദേശികളടക്കം നിരവധി പേർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം 31ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ, ചാരിറ്റി സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
കിംസ് അൽശിഫയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി. ഉണ്ണീൻ, സിഇഒ കെ.സി. പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻമാരായ ഡോ. പി.എം. ഗണേഷൻ, ഡോ. നയന എം. ബാബു, ഡോ. എൻ. നിഷാദ്, ട്രാൻസ്പ്ലാന്റ് സർജൻമാരായ ഡോ.പി.എം. മുരളി, ഡോ. രാഹുൽനാരായണൻ, ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ വിവരങ്ങൾക്ക് ഫോണ്: 9447342202, 9446371500.