ഇടുക്കി: വണ്ടൻമേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വണ്ടൻമേട് തച്ചേടത്ത് ടി.ടി. ജോസ്(70) അന്തരിച്ചു. ഏലക്കാ ഉത്പാദന-വിപണന രംഗത്തെ പ്രമുഖനും സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ്.
ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഏലക്കാ കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരവധി തവണ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടുദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് മൂന്നിന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളിയിൽ.
കാഞ്ഞിരപ്പള്ളി രൂപതാ പാസ്ട്രൽ കൗൺസിൽ അംഗം, സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം, സ്പൈസസ് പ്ലാന്റേഴ്സ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുന്ന അദ്ദേഹം സ്പൈസസ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആൻസി ജോസ് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അൻജോ ജോസ്(എംഡി, മാസ് എന്റർപ്രൈസസ്, ആയുർ കൗണ്ട് റിസോർട്ട്സ്), അഞ്ജു ടോംസൺ (ഡയറക്ടർ, പാലാട്ട് ഗ്രൂപ്പ്). മരുമക്കൾ: ട്രീസ എലിസബത്ത് തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, അയ്യർ ആൻഡ് ചെറിയാൻ അസോസിയേറ്റ്സ്), ടോംസൺ സിറിൾ (എംഡി, സ്പെഷാലിറ്റി ഇന്ത്യൻ ഫുഡ് പാർക്സ് ആൻഡ് എക്സ്പോർട്സ്, പാലാട്ട് ഗ്രൂപ്പ്).