റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കമുള്ളവർ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവർ പോലീസിനു കൈമാറി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിപ്രകാരമാണ് ഈ നീക്കം.
നാല് ഡിവിഷണൽ കമ്മിറ്റികളിൽനിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒന്പതുപേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ടുപേർ പ്രവർത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്കു കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്. മൂന്ന് എകെ 47 തോക്കുകളും രണ്ട് ഇൻസാസ് റൈഫിളുകളും നാല് എസ്എൽആർ റൈഫിളുകളും ആറ് 0.303 റൈഫിളുകളും രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകളും ഒരു ബാരൽ ഗ്രനേഡ് ലോഞ്ചറും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ 17 ന് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്തർ ജില്ലയിലെ ജഗ്ദൽപുർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പോലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടിന് 103 മാവോയിസ്റ്റുകൾ ബിജാപുർ ജില്ലയിലും പോലീസിനുമുന്പാകെ കീഴടങ്ങിയിരുന്നു.