മഞ്ചേരി: സർക്കാർ നിർദേശ പ്രകാരം മഞ്ചേരിയിൽ ജനറൽ ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി (എച്ച്എംസി) രൂപീകരിക്കാനുള്ള ശ്രമം നഗരസഭ ആരംഭിച്ചു.
ഇതിന്റെ മുന്നോടിയായി എച്ച്എംസി അംഗങ്ങളെ നിർദേശിക്കുന്നതിന് രാഷ്ട്രീയ സംഘടനകൾക്ക് കത്ത് നൽകി. അതേസമയം നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിലവിലുള്ള കെട്ടിടങ്ങൾ മെഡിക്കൽ കോളജിന് വിട്ടു നൽകിയതാണെന്നും ജനറൽ ആശുപത്രിക്ക് നൽകുവാൻ സാധിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
കൂടാതെ മെഡിക്കൽ കോളജിൽ ജനറൽ ആശുപത്രി എച്ച്എംസിയുടെ ബോർഡ് സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ സർക്കാർ എച്ച്എംസി രൂപീകരണത്തിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെന്നും ജനറൽ ആശുപത്രി എച്ച്എംസി രൂപീകരിക്കുവാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ചെയർപേഴ്സണ് വി.എം. സുബൈദ പറഞ്ഞു.
28ഓടെ എച്ച്എംസി രൂപീകരണം പൂർത്തിയാകും. തുടർന്ന് ജനറൽ ആശുപത്രി എവിടെ പ്രവർത്തിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. എച്ച്എംസി ബോർഡ് സ്ഥാപിക്കരുതെന്ന പ്രിൻസിപ്പലിന്റെ നിർദേശം കമ്മിറ്റി നിലവിൽ വന്ന ശേഷം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വി.എം. സുബൈദ പറഞ്ഞു.