ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്.
ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.
ഇയാളെ നാട്ടുകാരും പോലീസും മർദിച്ചിരുന്നു. കസ്റ്റഡിയിൽ എടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചു വരുത്തി കുടുംബത്തോടൊപ്പം പറഞ്ഞു വിട്ടു.
എന്നാൽ തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പട്ടണക്കാട് പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ടിഡി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു.
അതേസമയം, മോഷ്ടാവ് എന്നാണ് ആദ്യം കരുതിയതെന്നും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ബലപ്രയോഗം മാത്രമാണ് ഞായറാഴ്ച നടന്നതെന്നുമാണ് സംഭവത്തിൽ കുത്തിയതോട് പോലീസ് നൽകുന്ന വിശദീകരണം. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത് പിന്നീടാണെന്നും പോലീസ് പറയുന്നു.