തൃശൂർ: സിമന്റ് നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളായ ചുണ്ണാമ്പുകല്ല്, ഫ്ലൈ ആഷ് തുടങ്ങിയവ ഉയർന്ന വിലയ്ക്കു വാങ്ങി മലബാർ സിമന്റ്സ് കമ്പനിക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ പ്രതികളായ വി.എം. രാധാകൃഷ്ണൻ, മുരളീധരൻനായർ, ജിയോളജിസ്റ്റ് ഉദയകാന്തി, ഫിറോസ്, മുഹമ്മദ് ഗുലാം അഹമ്മദ് പാഷ എന്നിവർക്കെതിരേയുള്ള കുറ്റപത്രം തയാറാക്കി തൃശൂർ വിജിലൻസ് കോടതി.
വിശ്വാസലംഘനം, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചെങ്കിലും പ്രതികൾ എതിർത്തു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാകും തുടർന്നുള്ള വിചാരണ നടക്കുക.
ഇതേസമയം, കേസിലെ മറ്റൊരു പ്രതിയായ മോനി സമർപ്പിച്ച ഡിസ്ചാർജ് പെറ്റീഷനിൽ കോടതി 29നു തീരുമാനമെടുക്കും. മറ്റു പ്രതികളായ മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ആനന്ദകുമാർ, കൃഷ്ണകുമാർ എന്നിവർ ഇന്നലെ ഹാജരായില്ല. ഇവരും 29നു കോടതിയിൽ ഹാജരാകണം.
വ്യവസായിയായ വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന വിലയ്ക്കു സാധനങ്ങൾ വാങ്ങി മലബാർ സിമന്റ്സിനു നഷ്ടമുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിപ്പട്ടികയിൽനിന്ന് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, മുൻ എംഡിമാരായ എൻ. കൃഷ്ണകുമാർ, ടി. പദ്മനാഭൻനായർ എന്നിവരെ ഒഴിവാക്കിയുള്ള 2011ലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി 2021ൽ റദ്ദാക്കിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു കോടതിനിർദേശം.
രണ്ടു ദശാബ്ദം മുന്പ് ഉയർന്നുവന്ന അഴിമതിക്കേസിൽ വിജിലൻസിനു മൊഴി നൽകിയ മലബാർ സിമന്റ്സ് കമ്പനി മുൻ സെക്രട്ടറി വി. ശശീന്ദ്രനെയും രണ്ടു മക്കളെയും 2011 ജനുവരിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടത്തൽ. ഈ കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2023ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും 2025ലും വാദം തുടരുകയാണ്.