കോഴിക്കോട്: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കു പിഴയിട്ടാലുടന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ ഉയരുന്ന ആരോപണമാണ് കഷ്ടപ്പെട്ട് തൊഴിലെടുത്ത് ജീവിക്കുന്നവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നുള്ളത്.
എന്നാല്‍ ഇതിന് ഞങ്ങള്‍ എന്ത് ചെയ്യണം. ഫേസ് ബുക്ക് വഴി ചോദ്യവുമായി എത്തുകയാണ് എംവിഡി. പച്ചയായ നിയമലംഘനം നടത്തിയ ഒരു ഗുഡ്സ് ഓട്ടോറിക്ഷയുടെ ചിത്രം ഉള്‍പ്പെടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിയമലംഘനം നടത്തിയ വാഹനത്തിനു പിഴ നല്കുന്നതിലുള്ള പൊതുജനാഭിപ്രായം ആരാഞ്ഞുള്ള പോസ്റ്റില്‍ ഭൂരിഭാഗം ആളുകളും പിഴ നല്‍കണമെന്നാണു കമന്റ് ചെയ്തിരിക്കുന്നത്.
വാഹനത്തിന്റെ രണ്ടു വശങ്ങളിലും മുന്നിലേക്ക് തള്ളി നില്ക്കുന്ന തരത്തില്‍ കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന കമ്പികള്‍ കെട്ടിവച്ചാണു ചിത്രത്തിലുള്ള ഗുഡ്സ് ഓട്ടോയുടെ യാത്ര. മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്ന തരത്തിലാണ് ഈ വാഹനത്തില്‍ ലോഡ് നിറച്ചിരിക്കുന്നത്.
20,000 രൂപ പിഴയിടാവുന്ന കുറ്റമാണ് ആ ഓട്ടോയുടെ ഡ്രൈവര്‍ ചെയ്തിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലുള്ളത്.
സമൂഹം എങ്ങനെയാണ് ഈ പ്രശ്നത്തെ നോക്കിക്കാണുന്നത് എന്നറിയാന്‍, നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണു കുറിപ്പ് അവസാനിക്കുന്നത്.